07:46pm 30 April 2026
NEWS
ഭർത്താവിന്റെ ജോലിയും വേഷവിധാനങ്ങളും തന്റെ അന്തസിന് ചേർന്നതല്ല; പഠിപ്പിച്ച് പൊലീസ് ഉദ്യോ​ഗസ്ഥയാക്കിയ ഭർത്താവിൽ നിന്നും വിവാഹമോചനം വേണമെന്ന് യുവതി
13/01/2026  07:54 AM IST
nila
 ഭർത്താവിന്റെ ജോലിയും വേഷവിധാനങ്ങളും തന്റെ അന്തസിന് ചേർന്നതല്ല; പഠിപ്പിച്ച് പൊലീസ് ഉദ്യോ​ഗസ്ഥയാക്കിയ ഭർത്താവിൽ നിന്നും വിവാഹമോചനം വേണമെന്ന് യുവതി

ഭോപാൽ: ഭാര്യയുടെ സ്വപ്നത്തിന് തുണയായി നിന്ന ഭർത്താവ് യുവതിയെ പഠിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥയാക്കി. ഭാര്യ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ഭർത്താവിന് ലഭിച്ചത് വിവാഹമോചന നോട്ടിസ്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിലാണ് ഏറെ ചർച്ചയാകുന്ന സംഭവം. മധ്യപ്രദേശ് പൊലീസിൽ സബ് ഇൻസ്പെക്ടറായി നിയമിതയായ യുവതിയാണ് ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ഭർത്താവിനെതിരെ വിവാഹമോചന ഹർജി നൽകിയിരിക്കുന്നത്. ഭർത്താവിന്റെ ജോലിയും വേഷവിധാനങ്ങളും തന്റെ അന്തസിന് ചേർന്നതല്ലെന്നാണ് യുവതിയുടെ ആക്ഷേപം. 

പുരോഹിതനായ ഭർത്താവ്, ഭാര്യയുടെ പൊലീസ് യൂണിഫോം അണിയണമെന്ന ആഗ്രഹത്തെ പൂർണമായി പിന്തുണച്ചു. പരീക്ഷാ തയ്യാറെടുപ്പുകൾക്കു മുതൽ മാനസിക പിന്തുണ വരെ നൽകിയായിരുന്നു ഇയാൾ ഭാര്യയ്ക്കൊപ്പം നിന്നത്. എന്നാൽ സർക്കാർ സർവീസിൽ പ്രവേശിച്ചതിനു പിന്നാലെ യുവതി ഭർത്താവിനോട് തന്റെ പരമ്പരാഗത തൊഴിൽ ഉപേക്ഷിക്കാനും വേഷവിധാനം മാറ്റാനും ആവശ്യപ്പെട്ടതായി പറയുന്നു.

ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ ഭർത്താവ് തയ്യാറാകാതിരുന്നതോടെയാണ് യുവതി നിയമനടപടികളിലേക്ക് നീങ്ങിയത്. ഭോപാൽ കുടുംബ കോടതിയിലാണ് വിവാഹമോചന ഹർജി സമർപ്പിച്ചിരിക്കുന്നത്. ഭർത്താവിന്റെ ജീവിതശൈലിയും പെരുമാറ്റവും തനിക്കു പൊരുത്തപ്പെടുന്നില്ലെന്നും, അദ്ദേഹത്തിന്റെ പരമ്പരാഗത വേഷവും തൊഴിലും തന്നെ അസ്വസ്ഥയാക്കുന്നുവെന്നുമാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

കുടുംബ കോടതി കേസിൽ ഇടപെട്ട് ഇരുവർക്കും കൗൺസിലിങ് നൽകിയിരുന്നെങ്കിലും, ഇതിലും ഒത്തുതീർപ്പിലേക്ക് എത്താൻ സാധിച്ചില്ല. വിവാഹബന്ധം തുടരാൻ താത്പര്യമില്ലെന്ന നിലപാടിൽ ഇരുവരും ഉറച്ചുനിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img